Wednesday, January 14, 2015

"ആട് ജീവിതത്തിലൂടെ" ഒരു യാത്ര

പതിവ് വെള്ളിയാഴ്ച്ചകലെപ്പോലെയാണ് ആ വെള്ളിയാഴ്ചയും തുടങ്ങിയത്.

   റിയാദിലെ ശൈത്യകാല തണുപ്പില്‍ മൂടിപ്പുതച് ഉറക്കം കഴിഞ്ഞിട്ടും അങ്ങനെ കിടന്നു . ഇന്ന്‍ അവധിയായതിനാല്‍ ആരെയും പേടിക്കേണ്ട . റൂമിലെ മറ്റ് അംഗങ്ങളായ ശിഹാബും ശംസുവും നല്ല ഉറക്കത്തിലാണെന്നു തോന്നുന്നു .

   മനസ്സില്‍ മുഴുവന്‍ തലേന്ന്‍ വായിച് തീര്‍ന്ന "ആട് ജീവിതം" എന്ന ബെന്യാമിന്‍റെ നോവലായിരിന്നു . നജീബ് ആട് ജീവിതം നയിച്ചത് ഈ റിയാദ് പട്ടണത്തിന്‍റെ ചുറ്റുവട്ടത്താണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ ആധി കയറുന്നു . ഞാനും നജീബും വന്നിറങ്ങിയത് ഒരേ എയര്‍പോര്‍ട്ടില്‍ .
ഞാനും സഞ്ചരിച്ച ഏതെങ്കിലും വഴികളിലൂടെയായിരിക്കാം നജീബും ഹക്കീമും തന്‍റെ അര്‍ബാബിന്റെ പിക്കപ്പ് വാഹനത്തില്‍ സഞ്ചരിചിട്ടുണ്ടായിരിക്കുക .

ഇന്ന്‍ ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടു .
ഇന്നും നജീബ് അനുഭവിച്ച യാതനകള്‍ അനുഭവിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കുമോ ....??
പുറം ലോകം കാണാതെ ആട്ടിന്‍ പാലും , പച്ചവെള്ളവും , കുബ്ബൂസും മാത്രം കഴിച് ജീവിക്കുന്നവര്‍ ..!!!
മരുഭൂമിയിലെ കൊടും ചൂടിലും കൊടും തണുപ്പിലും മണലില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍ ..!!!
ഹോ ... ഓര്‍ക്കാന്‍ കൂടി വയ്യ . കഥാകൃത് വിശദമായി വിവരിച്ചപ്പോള്‍ വെള്ളിത്തിരയിലെന്ന പോലെ ഓരോ സീനും കണ്മുന്നില്‍ കാണുന്നത് പോലെയാണ് തോന്നിയത് . വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നോവലുകള്‍ക്ക് ശേഷം ഇത്ത്രയും ഉദ്വേഗതോടെയും കണ്ണീരോടെയും വായിച്ച മറ്റൊരു നോവല്‍ ഇല്ല .

പക്ഷേ എന്‍റെ ചിന്തകള്‍ പോയത് റിയാദിലെ ഇന്നത്തെ മരുഭൂമികളിലേക്കായിരിന്നു . ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ "ആട് ജീവിതം" എങ്ങെനെയായിരിക്കും ?
നജീബിന്‍റെ ആട് ഫാം എവിടെയായിരിക്കും ??
ജിദ്ദ റോഡില്‍ ഒരുപാട് ആടുഫാമുകളും , ഒട്ടക ഫാമുകളും , ചുവന്ന മണലില്‍ പച്ച വിരിയിച് കൃഷിയിടങ്ങളും കണ്ടിട്ടുണ്ട് . പക്ഷേ മക്കയിലേക്കുള്ള പാതയായതിനാല്‍  എപ്പോഴും തീര്‍ഥാടകരെയും വഹിച്ചു കൊണ്ട് പായുന്ന വാഹനങ്ങളാല്‍ തിരക്കായിരിക്കും ഈ പാത . തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റുമായി ഓരോ 20 , 30 കിലോമീറ്ററുകള്‍ ഇടവിട്ട്‌ പെട്രോള്‍ പമ്പുകളും നിസ്കാര പള്ളികളും ഭക്ഷണ ശാലകളുമുണ്ട് . അത് കൊണ്ട് നജീബിന്റെ ആട് ഫാം ഇവിടെയാകാന്‍ സാധ്യതയില്ല .
പിന്നെ ദമാം റോഡ്‌ . അവിടെ പെട്രോള്‍ ഖനന പ്രദേശമായതിനാല്‍ ഫാമുകളൊന്നും തന്നെ കണ്ടിട്ടില്ല , ഉള്ള ഫാമുകളാകട്ടെ റിയാദ് പട്ടണത്തിന്‍റെ പരിധിയിലുമാണ് . അതുകൊണ്ട് അവിടെയുമാകില്ല .
പിന്നെയുള്ളത് ഖര്‍ജ് റോഡ്‌ , ഇവിടെയുമുണ്ട് പെട്രോള്‍ ഖനന പ്രദേശങ്ങള്‍ .

പിന്നെയുള്ളത് മജ്മ റോഡ്‌ ആണ് . റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഒരു വിധം എല്ലാ പ്രദേശത്തും എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നേ വരെ മജ്മയിലെക്കോ എന്തിന് മജ്മ റോഡിലെക്കോ എത്തിപ്പെട്ടിട്ടില്ല .
ഒരു പക്ഷേ  ഇവിടെയായിരിക്കുമോ ...??
അതെ .. ലക്ഷണങ്ങള്‍ ഒത്തു വരുന്നു ..!!
എസ് .. ഒരു ട്രിപ്പടിചാലോ അങ്ങോട്ട്‌ .. വണ്ടി കണ്ടീഷന്‍ ആണ് . ഒരാഴ്ച്ച മുമ്പാണ് വര്‍ക്ക് ഷോപ്പില്‍ നിന്നും കൊണ്ടു വന്നത് . ഒരു ദൂര യാത്ര നടത്താന്‍ സജ്ജമാണ് .

പിന്നെയൊന്നും ആലോചിച്ചില്ല . റൂമിലെ എല്ലാവരെയും വിളിച്ചുണര്‍ത്തി . ശിഹാബിനോട് കാര്യങ്ങള്‍ പറഞ്ഞു . അവനും ഉത്സാഹത്തിലായി . ഷംസു ടാക്സി ഡ്രൈവര്‍ ആയതിനാല്‍ ജോലി ഉണ്ട് .
ഞാനും ശിഹാബും പെട്ടെന്ന് റെഡി ആയി , ഓരോ കാലി സുലൈമാനിയും അടിച് റൂമില്‍ നിന്നിറങ്ങി .
വണ്ടിയില്‍ പെട്രോള്‍ അടിക്കണം . സമയം 10.30 കഴിഞ്ഞിരിന്നു . ഇനി പമ്പുകള്‍ തുറക്കാന്‍ ജുമാ നമസ്ക്കാരം കഴിയണം .
എന്തായാലും ഞാനും ശിഹാബും യാത്ര തുടങ്ങി . ടൗണില്‍ നിന്ന്‍ മാറി മജ്മ റോഡില്‍ പ്രവേശിച്ചു . പെട്രോള്‍ ഇല്ലാത്തതിനാല്‍ തന്നെ കൂടുതല്‍ ദൂരം സഞ്ചരിച്ചില്ല . അടുത്ത് തന്നെ പള്ളിയും പമ്പും ഒരുമിച്ച് കിട്ടി .
ഭക്ഷണവും കഴിച് കഴിഞ്ഞിട്ടാണ് പിന്നെ യാത്ര തുടര്‍ന്നത് .
ചെവ്രോലെറ്റിന്‍റെ ഒപ്ട്ര ഫുള്‍ ബ്ലാക്ക് വാഹനം ശിഹാബാണ് ഓടിക്കുന്നത് . നല്ല കുളിരുള്ള തണുപ്പും ചെറിയ ചാറ്റല്‍ മഴയുമുണ്ട് . സൂര്യനെ തടുത്ത് നിര്‍ത്തി കറുത്ത കാര്‍മേഘം ആകാശം മുഴുവന്‍ കീഴടക്കിയിരിക്കുന്നു .

കാര്‍മേഘങ്ങള്‍ക്കപ്പുറത്ത് സൂര്യന്‍ ലജ്ജിചിരിക്കുന്നുണ്ടാകും ...!

കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ജസ്റ്റിന്‍ ബീബര്‍ ഗാനത്തിന്‍റെ അകമ്പടിയോടെ ചെക്ക് പോസ്റ്റും കഴിഞ്ഞ് വാഹനം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് . ശിഹാബ് എന്തൊക്കൊയോ പറയുന്നുണ്ട് . പക്ഷേ എന്‍റെ ചിന്തകളെല്ലാം വിശാലമായി കിടക്കുന്ന ഈ മരുഭൂമിയെ കുറിച്ചാണ് .
ആകാശത്തിന് അറ്റമില്ലെങ്കില്‍ മരുഭൂമിക്കും അറ്റമില്ല . അത്രക്ക് വിശാലമാണ് ഈ മരുഭൂമി . ഇടക്ക് ചില ഒട്ടകങ്ങള്‍ മേയുന്ന കാഴ്ചകള്‍ മിന്നി മറയുന്നുണ്ട്‌ .
പക്ഷേ എവിടെയും ഒരു ആളനക്കവും കാണുന്നില്ല .
ഇടക്ക് മൂത്രമൊഴിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് യഥാര്‍ത്ഥ തണുപ്പ് തിരിച്ചറിഞ്ഞത് .
മഴ മേഘങ്ങളാല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാറ്റും ആസ്വദിച് കുറച് നേരം അങ്ങനെ നിന്നു . മരുഭൂയിലെ മണ്ണെല്ലാം മഴവെള്ളം വീണ കാരണം ഉറച്ചിരിന്നു .

ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു . ഏകദേശം 150 കിലോമീറ്ററുകളോളം സഞ്ചരിച് കാണും .പെട്ടെന്ന് ശിഹാബാണ് ആ വഴി കാണിച് തന്നത് . ഹൈവേയില്‍ നിന്നും ഒരു ചെറിയ റോഡ്‌ വലത്ത് തിരിഞ്ഞ് പോകുന്നു . ഞാന്‍ പറയുന്നതിനും മുമ്പേ ശിഹാബ് വണ്ടി വലത്തോട്ട് എടുത്തു .

രണ്ട് വാഹനങ്ങള്‍ക്ക് കഷിടിച് ഒന്നിച് പോകാന്‍ കഴിയുന്ന ഒരു ചെറിയ റോഡാണത് . മുമ്പങ്ങോ പാറി വന്ന മണല്‍ മഴ കാരണം റോഡില്‍ ഉറച്ചിരിക്കുന്നു . കുറച് ദൂരം കൂടി പിന്നിട്ടപ്പോള്‍ ടാര്‍ ചെയ്യാത്ത മറ്റൊരു പാത ശ്രദ്ധയില്‍ പെട്ടു .ഹൈവേയില്‍ നിന്നും ഒരുപാട് ദൂരം ഞങ്ങളിപ്പോള്‍ തന്നെ സഞ്ചരിചിരിന്നു . ടാര്‍ ചെയ്യാത്ത ആ പാതയിലേക്ക് വണ്ടിയെടുത്തു . ടാര്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ സഞ്ചരിചിരുന്നതിനാലാകാം മണ്ണ് ഉറച് പോയിരിന്നു . ഇത് പോലൊരു വഴിയിലൂടെയാണ് നജീബും സഞ്ചരിചിരുന്നതെന്ന് പറയുന്നുണ്ട് . (ഇത് പോലുള്ള ഒരുപാട് വഴികള്‍  എല്ലാ മരുഭൂമികളിലും ഉള്ളതിനാല്‍ ഇതല്ലാതിരിക്കാനും സാധ്യതയുണ്ട്.)

എന്തൊക്കെ ആയാലും ഞങ്ങളുടെ വാഹനം കുലുങ്ങിയും ചരിഞ്ഞും പ്രയാണം തുടര്‍ന്നു . .. അതേ .. ഞങ്ങള്‍ക്ക് തെറ്റിയില്ല . കുറച് ദൂരം പിന്നിട്ടപ്പോള്‍ കണ്ടു ഒട്ടകങ്ങളും ആടുകളുമോക്കെയുള്ള ഒരു ഫാം . പച്ച നെറ്റ് കൊണ്ട് ചുറ്റും മറച്ചിട്ടുണ്ട്‌ . ഗേറ്റിന് മുമ്പില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി .

ആടുകളുടെ കലപില ശബ്ദം ഉയരുന്നുണ്ടായിരിന്നു . നജീബ് പറഞ്ഞ ആ "മുശട് വാടയും" ഇളം കാറ്റിന്റെ കൂടെ വരുന്നുണ്ട് . ഞങ്ങളെ കണ്ടിട്ടാകണം ചെവിയില്‍ ഹെട്സെറ്റ് തിരുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ബംഗ്ലാദേശ് സ്വദേശി എന്ന്‍ തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . കയ്യില്‍ സാംസങ്ങിന്റെതെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ ഫോണും ഉണ്ട് . വെറുതെ കാണാന്‍ വന്നതാനെന്നൊക്കെ അവനോട് പറഞ്ഞു . കുശലാന്വേഷണങ്ങള്‍ നടത്തി . അവനല്ലാതെ വേറെ രണ്ട് പേരും അവിടെ ജോലി ചെയ്യുന്നുണ്ട് . എല്ലാവരും തികഞ്ഞ സന്തോഷവന്മാരാനെന്നു സംസാരങ്ങളില്‍ നിന്നും വ്യക്തമായി .
ആശ്വാസം .. അവര്‍ക്ക് കടകളിലേക്ക് പോകാനും വരാനുമൊക്കെ സ്വന്തമായിട്ട് വാഹനമൊക്കെയുണ്ട് . അത്ഭുതം എന്ന്‍ തോന്നിപ്പിച്ചത് അവിടെയും മൊബൈല്‍ നല്ല നെറ്റ് വര്‍ക്ക് ഉണ്ടായിരിന്നു എന്നതാണ് . അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും  ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ആണ്ട്രോയിട് ഫോണുകള്‍ ഉണ്ട് . എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടത്രേ ..

എന്തായാലും മൂവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു . ഇപ്പോള്‍ എന്തോ മുമ്പില്ലാത്ത ഒരു സന്തോഷം തോന്നുന്നു . ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് . ആട് ജീവിതത്തില്‍ പോലും .

വാഹനം തിരിച്ച ഹൈവേയില്‍ തന്നെ പ്രവേശിച്ചു . കുറെ ഓടിയതിനാലാകാം വാഹനം അതിന്‍റെ തനി സ്വരൂപം പുറത്തെടുത്ത് തുടങ്ങിയിരിന്നു . ഡെഡ് ഹീറ്ററിലെ വെള്ളം പെട്ടെന്ന് കുറയുന്ന  അസുഖം വീണ്ടും വരുമെന്ന ഭയത്താല്‍ കുറച് വെള്ളം ഡിക്കിയില്‍ കരുതിയിരിന്നു .
വഴിയരികില്‍ നിര്‍ത്തി ബോണറ്റ് തുറന്ന്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വെള്ളം കുറഞ്ഞിരിന്നു . വെള്ളം ഒഴിച് വീണ്ടും യാത്ര തുടര്‍ന്നു .
  പക്ഷെ വാഹനം എന്തൊക്കൊയോ ദു:സ്സൂചനകള്‍ തരുന്നു . പിന്നെ ഒന്നും ആലോചിച്ചില്ല , തിരിച് റിയാദിലേക്ക് തന്നെ വണ്ടി തിരിച്ചു .
അപ്പോഴേക്കും നേരം ഇരുട്ടിയിരിന്നു . ചെറിയ മഴയും തണുത്ത കാറ്റും , ഇത്രയും തണുപ്പ് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ജാക്കറ്റും കരുതിയിരുന്നില്ല.
തണുത്ത് വിറക്കാന്‍ തുടങ്ങി . ഡെഡ് ഹീറ്ററിലെ വെള്ളം ഇടക്കിടെ കുറഞ്ഞ് കൊണ്ടിരിന്നു .

കയ്യില്‍ കരുതിയ വെള്ളമെല്ലാം തീര്‍ന്നു ...!!

ഇനി മുമ്പോട്ട് പോകാനാകില്ല . മരുഭൂമിയിലെ ഏതോ പ്രാന്ത പ്രദേശം .
 കൂരാ കൂരിരുട്ട് . ഇടയ്ക്കിടെ കുതിച് പായുന്ന വാഹനങ്ങള്‍ മാത്രം .

പകല്‍ സമയത്ത് പല വര്‍ണക്കാഴ്ച്ചകളും സമ്മാനിച്ച മരുഭൂമി അതിന്‍റെ തനി നിറം കാട്ടി തുടങ്ങിയിരിക്കുന്നു . അന്ന്‍ നജീബ് ചുട്ടു പൊള്ളുന്ന ചൂട് കൊണ്ടാണ് വലഞ്ഞതെങ്കില്‍ ഇന്ന്‍ ഞങ്ങള്‍ തണുത്ത് വിറച് ഒരു പരുവമായി .
തണുപ്പത്തും തൊണ്ടയിലെ വെള്ളം വറ്റും എന്ന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത് . അതിനിടെ ശിഹാബ് ഒന്ന്‍ രണ്ട് വാഹനങ്ങള്‍ക്ക് കൈ കാട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .
അപ്പോഴാണ്‌ ദൈവദൂതനെ പോലെ ഒരു പോലീസ് വാഹനം ഞങ്ങളുടെ അടുത്ത് വന്ന്‍ നിര്‍ത്തിയത് . ഒരു പോലീസുകാരന്‍ ഇറങ്ങി "അസ്സലാമു അലൈക്കും , കൈഫല്‍ ഹാല്‍ " ചോദ്യങ്ങള്‍ നേര്‍ന്നു . ഇങ്ങനെയാണ് ഇവിടുത്തെ പോലീസുകാര്‍ അഭിസംബോധനം ചെയ്യാറ് . നാട്ടിലായിരുന്നെങ്കില്‍ ആദ്യം തന്നെ കൂമ്പിനു രണ്ട് ഇടി കിട്ടിയേനെ ..!
ഞങ്ങള്‍ പോലീസുകാരനോട്‌ കാര്യം പറഞ്ഞു . പോലീസുകാരന്‍ ഒരു ലോറിക്ക് കൈ കാണിച് നിര്‍ത്തിച്ചു . രണ്ട് ഗറൂറ (10 ലിറ്റര്‍) വെള്ളം ലോറിക്കാരന്‍ തന്ന്‍ സഹായിച്ചു . ദൈവത്തിന് സ്തുതി .

പോലീസുകാരന് നന്ദി പറഞ്ഞ് ഡെഡ് ഹീറ്ററില്‍ വെള്ളം ഒഴിച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു റിയാദിലേക്ക് .. ഓരോ അഞ്ചു , ആറു  കിലോമീട്ടരുകള്‍ക്കുള്ളില്‍ വെള്ളം ഒഴിക്കേണ്ടി വന്നു.

ആര്‍പ്പ് വിളികളും ഡിസ്ക്കോ പാട്ടുകളുമോക്കെയായി തിരിച്ച  യാത്ര മൂക യാത്ര ആയാണ് തിരിച്ചു വരുന്നത് .

വാഹനം ഒരാഴ്ചയേ ആയിട്ടുള്ളൂ ശരിയാക്കിയിട്ട് , എന്നിട്ടും ...??
ഈ യാത്ര ഇഷ്ടപ്പെടാത്ത ആരെങ്കിലും ....?
ഒരുപക്ഷെ .. ഹക്കീമിനെപ്പോലെ ജീവിതം മരുഭൂമിയില്‍ ഹോമിക്കേണ്ടി വന്നവരുടെ ആത്മാക്കള്‍ ...


  ഇല്ല .. ഇനിയില്ല .. മരുഭൂമിയിലെക്കൊരു യാത്ര ഇനിയില്ല ...

                                                     


                                                                        ശുഭം







------------------മുബാറക്  പുത്തനത്താണി -----------------





No comments:

Post a Comment